മലപ്പുറം: വീട്ടിൽ പഠിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളിൽനിന്ന് കേരളത്തിലെത്തിയ പതിനാലുകാരനെ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി. ബംഗാൾ പശ്ചിം മേദിനിപ്പൂർ സ്വദേശിയായ കുട്ടിയെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ചൈൽഡ് ഹെൽപ്ലൈൻ വിഭാഗത്തിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചത്.
മൊബൈൽ ഫോണ് ഉപയോഗം വിലക്കി പഠനത്തിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂണ് 19നാണ് കുട്ടി നാല് സുഹൃത്തുക്കൾക്കൊപ്പം കേരളത്തിലേക്ക് തിരിച്ചത്. കോഴിക്കോട്ടെത്തിയ സംഘം മലപ്പുറം വാഴക്കാട്ടെ ക്വാർട്ടേഴ്സിൽ താമസമാക്കി.
എന്നാൽ അവിടെ ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ കുട്ടി ജൂലൈ നാലിന് ചൈൽഡ് ഹെൽപ്ലൈൻ (1098) നന്പറിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ലൊക്കേഷൻ പരിശോധനയിൽ അതീവ അപകടകരമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന കുട്ടിയെ ജൂലൈ അഞ്ചിന് ചൈൽഡ് പ്രൊട്ടക്ഷൻ സംഘം വാഴക്കാട്ടുനിന്ന് രക്ഷപ്പെടുത്തി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം തവനൂർ ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ആവശ്യമായ കൗണ്സിലിംഗും മാനസിക പിന്തുണയും നൽകി. സാന്പത്തിക പ്രയാസമുള്ള കുടുംബമാണെന്ന് സാമൂഹിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായതോടെ, പൂർണമായും സർക്കാരിന്റെ ചെലവിൽ ഉദ്യോഗസ്ഥ സംഘം കുട്ടിയെ ബംഗാളിലേക്ക് അനുഗമിക്കുകയായിരുന്നു.
പശ്ചിം മേദിനിപ്പൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. പഠനം പൂർത്തിയാക്കി നല്ലൊരു ജോലി നേടുകയെന്ന ആഗ്രഹത്തോടെയാണ് കുട്ടി മാതാപിതാക്കളോടൊപ്പം മടങ്ങിയത്.